ഗ്രഹണ സമയത്ത് കുഞ്ഞുങ്ങളെ മണ്ണിട്ട് മൂടി; കര്‍ണാടക കല്‍ബുര്‍ഗിയില്‍ നിന്നുള്ള കാഴ്ച്ച, വീഡിയോ

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ആചാരങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളീയര്‍ക്ക് ഒരു വിശ്വാസമെങ്കില്‍ കര്‍ണാടകത്തില്‍ മറ്റു ചില വിശ്വാസങ്ങളാണ് പിന്തുടരുന്നത്. ഇത്തരത്തില്‍ ഗ്രഹണ ദിവസം കര്‍ണാടകത്തില്‍ നിന്നുള്ള ചില വിശ്വാസത്തിന്റെ ഭാഗമായി നടത്തിയ ആചാരങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സൂര്യഗ്രഹണ സമയത്ത് കുട്ടികളെ മണ്ണിട്ട് മൂടുക എന്നതാണ് ഇവരുടെ വിശ്വാസം. കര്‍ണാടക കല്‍ബുര്‍ഗിയിലെ താജ് സുല്‍ത്താന്‍പൂറിലുള്ളവരുടെ വിശ്വാസമാണിത്.

ഗ്രഹണ സമയത്ത് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മണ്ണിട്ട് മൂടിയാല്‍ ചര്‍മ്മരോഗങ്ങളുണ്ടാവില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ മണ്ണിട്ടു മൂടുന്നത്. തല മാത്രം പുറത്തുകാട്ടി കുട്ടികളുടെ ശരീരം പൂര്‍ണമായും മണ്ണിനടിയിലാക്കും. ഇതിലൂടെ കുട്ടികള്‍ക്ക് ചര്‍മ്മരോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടാകില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ സമയത്ത് കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ഇന്ന് രാവിലെ 8.4നാണ് വലയ സൂര്യഗ്രഹണം ആരംഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. ഇതിനായി സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളും ഒരുക്കിയിരുന്നു.


Exit mobile version