തീവയ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്ന് കരസേന മേധാവി; രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ആദ്യമായാണ് രാജ്യവ്യാപകമായി നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കരസേന മേധാവി പ്രതികരിക്കുന്നത്

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളില്‍ എത്തിച്ചേരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. ജനങ്ങളെ അക്രമങ്ങളിലേക്ക് നയിക്കുന്നവരല്ല, ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് രാജ്യവ്യാപകമായി നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കരസേന മേധാവി പ്രതികരിക്കുന്നത്.

തീവയ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍,നിങ്ങളെ ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍. കോളജുകളിലേയും സര്‍വ്വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും തീവയ്പ്പും അക്രമവും നടത്തുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇതല്ല നേതൃത്വം, ഒരിക്കലും ഇങ്ങനെയാവരുത്’ ബിപിന്‍ റാവത്ത് പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ കരസേന മേധാവി തന്റെ അഭിപ്രായം പറഞ്ഞതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ‘ഭരണഘടനാപരമായ ജനാധിപത്യത്തിന് വിരുദ്ധമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമെന്നാണ് സൈനിക മേധാവി പറയുന്നതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാന് കരസേന മേധാവിക്ക് ഇന്ന് അനുവാദം നല്‍കുകയാണെങ്കില്‍ നാളെ രാജ്യം പിടിച്ചടക്കുന്നതിനുള്ള സൈന്യത്തിന്റെ ഉദ്യമത്തിനും അനുവാദം നല്‍കുമെന്നും’ കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ വിമര്‍ശിച്ചു.

Exit mobile version