മോഡിയെ ദൈവമായി കണ്ട് ക്ഷേത്രം പണിത് തമിഴ്‌നാട്ടിലെ കര്‍ഷകന്‍

തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കര്‍ഷകനായ ശങ്കറാണ് മോഡിക്കായി ക്ഷേത്രം പണിതിരിക്കുന്നത്

ഇറക്കുടി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക മാന്ദ്യം, കര്‍ഷക ആത്മഹത്യ എന്നിവ കാരണം മോഡിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടക്കുമ്പോഴും തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മോഡിയെ ദൈവമായി കണ്ട് ക്ഷേത്രം തന്നെ പണിതിരിക്കുകയാണ് ഒരു കര്‍ഷകന്‍. തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കര്‍ഷകനായ ശങ്കറാണ് മോഡിക്കായി ക്ഷേത്രം പണിതിരിക്കുന്നത്.

മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും 2,000 രൂപയും പ്രധാന്‍മന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും ശങ്കറിന് ലഭിച്ചിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ മോഡിക്ക് വേണ്ടി ഇത്തരത്തിലൊരു ക്ഷേത്രം പണിയാന്‍ കാരണം എന്നാണ് ശങ്കര്‍ വ്യക്തമാക്കിയത്. 1.2 ലക്ഷം മുടക്കിയാണ് ഇയാള്‍ മോഡിക്ക് ക്ഷേത്രം പണിതിരിക്കുന്നത്.

അമ്പലത്തിലെ പ്രതിഷ്ഠയില്‍ മോഡിയുടെ വെള്ളത്താടിയും കണ്ണടയും ഹെയര്‍സ്റ്റൈലും വരെ അതേപടി പകര്‍ത്തി വെച്ചിട്ടുണ്ട്. പിങ്ക് കുര്‍ത്തയും നീലാ കോട്ടുമിട്ട മോഡി പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. മറ്റ് ദൈവങ്ങളുടെ ചിത്രത്തിന് നടുവിലായിട്ടാണ് മോഡി പ്രതിഷ്ഠ ശങ്കര്‍ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടത്തണമെന്നാണ് ശങ്കറിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്തായാലും ക്ഷേത്രം പണിതതോടെ ശങ്കറിനെ ലോക്കല്‍ ബിജെപി കമ്മറ്റിയില്‍ അംഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Exit mobile version