എന്‍ആര്‍സിയും എന്‍പിആറും രണ്ടാണ്: രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല, കേരളം നിലപാട് മാറ്റണം: അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ റജിസ്റ്റര്‍ വിഷയത്തില്‍ നിലപാട് മാറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ ജനസംഖ്യാ പട്ടികയും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടും. ജനസംഖ്യാ റജിസ്റ്ററില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമില്ല. എന്‍പിആറിലെ വിവരങ്ങള്‍ എന്‍ആര്‍സിയില്‍ ഉപയോഗിക്കില്ലെന്നും അമിത് ഷാ വിശദീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് മാറ്റിയത്.

എന്‍ആര്‍സിയും എന്‍പിആറും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നു. പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍ആര്‍സി സംബന്ധിച്ച് പാര്‍ലമെന്റിലോ കാബിനറ്റ് യോഗത്തിലോ ചര്‍ച്ച നടന്നിട്ടില്ല. എന്‍പിആര്‍ എന്നത് ജനസംഖ്യയുടെ പട്ടികയും എന്‍സിആര്‍ പൗരത്വ പട്ടികയുമാണ്.

യുപിഎ സര്‍ക്കാരാണ് എന്‍പിആര്‍ കൊണ്ടുവന്നത്. അത് തുടരുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്ന കേരള, ബംഗാള്‍ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. ഇരുസംസ്ഥാനങ്ങള്‍ക്കും ഇതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല.

കേരളം എന്‍പിആറുമായി സഹകരിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളുടെ അടിസ്ഥാനമാണ് എന്‍പിആര്‍. രാഷ്ട്രീയത്തിന്റെ പേരില്‍ പാവപ്പെട്ടവരെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കരുത്. മുഖ്യമന്ത്രിമാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. സമരക്കാരുമായി ആശയവിനിമയം നടത്തുന്നതില്‍ പാളിച്ച വന്നിട്ടുണ്ടാകാം എന്നും അദ്ദേബം പറഞ്ഞു.

Exit mobile version