എല്ലാം കൈവിട്ട് പോകുന്ന പോലൊരു തോന്നല്‍; മോഡി-ഷാ പ്രഭാവം മങ്ങുന്നു? ജാര്‍ഖണ്ഡില്‍ ഇരുവരും പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിലെല്ലാം തോറ്റ് തുന്നംപാടി ബിജെപി

ഇരുവരും ചേര്‍ന്ന് 21 മണ്ഡലങ്ങളില്‍ പ്രചരണറാലികളില്‍ പങ്കെടുത്തപ്പോള്‍ ആറിടങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്

ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തെ മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്തി അമിത് ഷാ നടത്തിയ പ്രചാരണം തുടക്കത്തിലേ പാളിപ്പോയ അവസ്ഥയിലായിരുന്നു. മോഡിയും അമിതാഷായും ചേര്‍ന്ന് പ്രചാരണം കൊഴുപ്പിച്ച മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് 21 മണ്ഡലങ്ങളില്‍ പ്രചരണറാലികളില്‍ പങ്കെടുത്തപ്പോള്‍ ആറിടങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ജാര്‍ഖണ്ഡിലെ പത്ത് മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിലാണ് നരേന്ദ്ര മോഡി പ്രസംഗിച്ചത്. ഇവിടെ വച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ‘വസ്ത്രം നോക്കി തിരിച്ചറിയാം’ എന്ന കുപ്രസിദ്ധമായ പ്രസ്താവന നടത്തിയതും. പ്രചാരണം വിജയകരമാണെന്ന് കരുതി മടങ്ങിയ മോഡിയെ തെരഞ്ഞെടുപ്പ് ഫലം ചതിക്കുകയായിരുന്നു. ഇതില്‍ ധന്‍ബാദ്, ദല്‍ത്തോന്‍ ഗഞ്ച്, ഖുന്തി, ദേവ് ഗര്‍ എന്നിവിടങ്ങളില്‍ മാത്രമേ വിജയം നേടാന്‍ കഴിഞ്ഞുള്ളൂവെന്നത് ബിജെപിയെ തളര്‍ത്തി.

പതിനൊന്ന് മണ്ഡലങ്ങളില്‍ പ്രചാരണം അമിത് ഷാ നടത്തിയെങ്കിലും ജയം വെറും രണ്ട് സീറ്റിലൊതുങ്ങി. സമാന അവസ്ഥയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ മണ്ഡലങ്ങളിലും. 11 മണ്ഡലങ്ങളില്‍ എട്ടിടങ്ങളില്‍ ബിജെപി തോല്‍വി ഏറ്റുവാങ്ങി. കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനും ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതിവിധിക്കും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനും ശേഷം ആത്മവിശ്വാസത്തോടെ ബിജെപി നേരിട്ട ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ജാര്‍ഖണ്ഡിലേത്. എന്നാല്‍ തികഞ്ഞ പരാജയമായിരുന്നു ബിജെപിയെ തേടിയെത്തിയത്. മോഡി- ഷാ പ്രഭാവം മങ്ങുന്നതിനുള്ള സൂചനയാണോ ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ്?

Exit mobile version