ജാതിയുടേയും മതത്തിന്റേയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചാൽ ഇങ്ങനിരിക്കും; പരാജയമറിഞ്ഞ മോഡിയോട് സോണിയ ഗാന്ധി

ന്യൂഡൽഹി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്നു നയിച്ചിട്ടും ബിജെപിയെ വിജയത്തിലെത്തിക്കാനാകാത്ത നിരാശയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും. ഇതിനിടെ, ജാർഖണ്ഡിലെ മഹാസംഖ്യത്തിന്റെ വിജയത്തിനു നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കാനുള്ള ബിജെപി ശ്രമത്തെയാണു ജനങ്ങൾ തോൽപ്പിച്ചതെന്നും സോണിയ ഓർമ്മിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടിൽ ധർണ്ണയിൽ സംസാരിക്കകുയായിരുന്നു സോണിയ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, കമൽനാഥ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ്മ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തുടങ്ങിയവരും ധർണയിൽ പങ്കെടുത്തു. സോണിയ, രാഹുൽ, മൻമോഹൻ സിങ് എന്നിവർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ചു.

എന്താണോ ശത്രുക്കൾക്ക് ഇന്ത്യയോട് ചെയ്യാൻ സാധിക്കാത്തത്, അതാണ് മോഡി സർക്കാർ ഏറ്റവും നന്നായി രാജ്യത്തോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സത്യാഗ്രഹ സമരത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. ‘യുവാക്കൾക്കു തൊഴിൽ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ല, എന്നാൽ സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കാൻ സാധിച്ചു. അതുകൊണ്ടാണ് നിങ്ങൾ വെറുപ്പിനു പിന്നിൽ ഒളിക്കുന്നത്. ഭരണഘടനയെ ആക്രമിക്കാൻ രാജ്യം നിങ്ങളെ അനുവദിക്കുകയില്ല’- രാഹുൽ ഗാന്ധി പറഞ്ഞു.

Exit mobile version