കണ്ണീരോടെ അമിത് ഷായ്ക്ക് പടിയിറങ്ങാം; എഴുപത് ശതമാനം ഇന്ത്യയെ ഭരിച്ച ബിജെപി ഇന്ന് 35 ശതമാനത്തിൽ താഴെ; ജാർഖണ്ഡിൽ 65 സീറ്റ് മോഹിച്ചിട്ടും കിട്ടിയത് 25; മുത്തലാക്കും അയോധ്യയും കാശ്മീരും ഒന്നും ഏറ്റില്ല

ന്യൂഡൽഹി: കാവി മാഞ്ഞ് ഇന്ത്യയിൽ നീലയും പിങ്കുമൊക്കെ പടരുകയാണ്. രാഷ്ട്രീയ ഭൂപടത്തിൽ തന്നെ ബിജെപിയെ വെറും 37 ശതമാനത്തിൽ താഴേയ്ക്ക് ഒതുക്കിയാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നത്. പ്രാദേശിക പാർട്ടികളും കോൺഗ്രസുമൊക്കെ ചേർന്ന് ഭരണം പിടിച്ചതോടെ അമിത ദേശീയതയും ദേശീയ വിഷയങ്ങളും ജനങ്ങൾ തള്ളിക്കളയുന്നത് ബിജെപിയും തിരിച്ചറിയുന്നുണ്ട്. അമിത് ഷായും നരേന്ദ്ര മോഡിയും 2014ൽ പാർട്ടിയെ വിജയങ്ങിലേക്ക് കൈപിടിച്ച് കയറ്റാൻ ആരംഭിച്ചത് ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ്.

2017-2018ൽ 21 സംസ്ഥാനങ്ങളെന്ന റെക്കോർഡ് നേട്ടവും ബിജെപി സ്വന്തമാക്കി എന്നാൽ 2018 ഡിസംബർ ആയപ്പോൾ 17 സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ ബിജെപി, പിന്നീട് പതിയെ പതിയെ ഓരോ സംസ്ഥാനങ്ങളിലും തളരുകയും വീഴുകയും ചെയ്തു. ഒടുവിൽ 2019 അവസാനിക്കുമ്പോൾ ജാർഖണ്ഡും മഹാരാഷ്ട്രയും കൈകളിൽ നിന്നും ചോർന്നു പോയ ഞെട്ടലിലാണ് ബിജെപി.

ബിജെപിയെ പാർട്ടിയുടെ ചരിത്രത്തിലെ തന്നെ അമ്പരപ്പിക്കുന്ന നേട്ടങ്ങളിലേക്ക് നയിച്ച അധ്യക്ഷൻ അമിത് ഷാ ഒടുവിൽ ്സ്ഥാനമൊഴിയുമ്പോൾ പാർട്ടി തകർന്നടിഞ്ഞ നിലയിൽ തന്നെയാണ്. ജാർഖണ്ഡിൽ 65 സീറ്റു നേടി ഭരണം പിടിക്കാനാണ് ബിജെപി തുനിഞ്ഞിറങ്ങിയത്. അതിനായി പാർട്ടിയിലെ വമ്പന്മാരായ അമിത് ഷായും നരേന്ദ്രമോഡിയും തന്നെ നേരിട്ട് കളത്തിലിറങ്ങി. എന്നിട്ടും മഹാസഖ്യം അധികാരം കൊണ്ടുപോയി. മുത്തലാഖും അയോധ്യയും കാശ്മീരിനെ വിഭജിച്ചതും ഉൾപ്പടെയുള്ള വൈകാരിക വിഷയങ്ങൾ വോട്ടായി വീഴുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ബിജെപിയെ ജനം നിഷ്‌കരുണം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി രഘുബർ ദാസിനെ പോലും ജനങ്ങൾ ചവറ്റുകുട്ടയിലിട്ടു. ഇതോടെ വലിയ വായിലുള്ള ദേശീയത വിളമ്പൽ ഒന്നുമല്ല ജനങ്ങൾക്ക് വേണ്ടതെന്നും പട്ടിണിയും ദാരിദ്രവും തൊഴിലില്ലായ്മയും സാമൂഹിക അരക്ഷിതാവസ്ഥകളുമാണ് ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളെന്നും ബിജെപിക്കും ജാർഖണ്ഡ് തെരഞ്ഞെടുപ്പോടെ ബോധ്യമായിരിക്കുകയാണ്.

കേന്ദ്രത്തിൽ 2014ൽ ബിജെപി അധികാരത്തിലെത്തിയത് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന തോന്നലിലാണെന്നും മോഡി ഉയർത്തിക്കാണിച്ച വികസന വിഷയങ്ങളിൽ ജനം തൽപരായതുകൊണ്ടാണെന്നും ഇന്ന് ബിജെപി വീണ്ടും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രനിർമ്മാണമൊന്നും പട്ടിണിക്ക് പരിഹാരമാകില്ലെന്ന് ജനങ്ങൾക്കും തിരിച്ചറിവായതോടെ സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം വെച്ച് വോട്ട് കൊയ്തിരുന്ന ബിജെപിക്ക് കനത്ത പ്രഹരവുമായി. അയോധ്യയിലെ ക്ഷേത്രത്തിനായി ജാർഖണ്ഡിലെ ജനങ്ങളോട് കല്ലും 11 രൂപയും ചോദിച്ച യുപി മുഖ്യമന്ത്രി യോഗിക്ക് അതേ കല്ലുകൊണ്ട് ഏറ് ലഭിച്ചതിന് തുല്ല്യമായി തെരഞ്ഞെടുപ്പ് ഫലം.

ജാർഖണ്ഡിൽ അമിത്ഷാ 10 റാലികളിലാണ് പ്രസംഗിച്ചത്. മോഡി 9 എണ്ണത്തിലും. ആദ്യഘട്ടങ്ങളിൽ രാമക്ഷേത്രം വിഷയമാക്കിയപ്പോൾ 5 ഘട്ട തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് പൗരത്വ ഭേദഗതി ബില്ലും എൻആർസിയുമടക്കമുള്ള വിഷയങ്ങളായിരുന്നു ബിജെപി എടുത്തിട്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ലോക്‌സഭയിലും രാജ്യസഭയിലും തിടുക്കപ്പെട്ട് ബിജെപി പൗരത്വ ഭേദഗതി ബില്ല് പാസാക്കിയെടുത്തതും പാരിരാത്രിയിൽ രാഷ്ട്രപതിയെ കൊണ്ട് ഒപ്പുവെപ്പിച്ച് നിയമമാക്കിയതും. എന്നാൽ ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും ആദിവാസി മേഖലകളോടുള്ള അവഗണനയും മുന്നോട്ട് വെച്ച് കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ആർജെഡിയും അടങ്ങിയ മഹാസഖ്യം ബിജെപിയുടെ കുതന്ത്രങ്ങളെ അട്ടിമറിച്ചു. തൊട്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാനയിലും മഹാരാഷ്ട്രയിലും കാശ്മീരും മുത്തലാഖും ജനങ്ങളെ സ്വാധീനിച്ചില്ലെന്നത് ബിജെപി മറന്നു.

അന്ന് അമിത് ഷാ സ്ഥാനമേൽക്കുമ്പോൾ 7 സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരിച്ചിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവ പിടിച്ചാണ് ഷാ വരവറിയിച്ചത്. പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും നേടി. അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ഷാ സ്ഥാനമൊഴിയുമെന്നാണു റിപ്പോർട്ട്. അങ്ഹനെയെങ്കിൽ 2017ൽ രാജ്യത്തിന്റെ 70 ശതമാനം ഭരിച്ച ബിജെപിക്ക് 37%ത്തിലേക്കു ചുരുങ്ങിയ കണക്കുകൾ വെച്ച് അമിത് ഷായ്ക്ക് ടാറ്റ പറയേണ്ടി വരും.ാേ

Exit mobile version