മ്യാൻമാർ അഭയാർത്ഥികൾ രണ്ട് കിലോമീറ്റർ അകലെയുള്ള ചൈനയിലേക്ക് പോകാതെ 1769 കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലേക്ക് എന്തുകൊണ്ട് വരുന്നു; മണ്ടൻ ചോദ്യവുമായി പരേഷ് റാവൽ; ഭൂമിശാസ്ത്ര ക്ലാസിൽ ശ്രദ്ധക്കണമായിരുന്നെന്ന് തരൂർ

ന്യൂഡൽഹി: വീണ്ടും വിഡ്ഢിത്തം നിറഞ്ഞ ട്വീറ്റുമായി രംഗത്തെത്തി വിമർശനങ്ങൾ ഏറ്റുവാങ്ങി ബിജെപി മുൻ എംപിയും നടനുമായ പരേഷ് റാവൽ. ‘മ്യാൻമാറും ഇന്ത്യയും തമ്മിൽ 1769 കിലോമീറ്ററിന്റെ ദൂരമുണ്ടായിട്ടും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ചൈനയിലേക്ക് റോഹിംഗ്യൻ മുസ്ലീങ്ങൾ അഭയം തേടി പോകാത്തതെന്തേ’- എന്നാണ് പരേഷ് റാവലിന്റെ ചോദ്യം. മതേതരവാദികളായ ഇന്ത്യക്കാരും ബുദ്ധിജീവികളും കാരണമാണ് അനധികൃത റോഹിംഗ്യൻ മുസ്ലിങ്ങളുടെ കുടിയേറ്റം രാജ്യത്ത് വർധിക്കുന്നതെന്ന് ആരോപിച്ചുള്ള പരാമർശത്തിനിടയിലെ ഭൂമിശാസ്ത്രപരമായ അബദ്ധം പിന്നീടാണ് പരേഷ് റാവൽ മനസിലാക്കിയത്. അപ്പോഴേക്കും സോഷ്യൽമീഡിയ വലിയ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞിരുന്നു.

ശനിയാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റ് ഏതായാലും നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഇതിനിടെ, പരിഹാസങ്ങൾക്ക് മറുപടിയായി, ഭൂമിശാസ്ത്രത്തിലെ തെറ്റ് കണ്ടുപിടിക്കാതെ തന്റെ പ്രതികരണത്തിലെ സന്ദേശം മനസ്സിലാക്കൂവെന്നാണ മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.

യഥാർഥത്തിൽ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽരാജ്യമാണ് മ്യാൻമാർ. മ്യാൻമാറും ഇന്ത്യയും പങ്കിടുന്ന അന്താരാഷ്ട്ര അതിർത്തിയുടെ ആകെ നീളം 1643 കിലോമീറ്റർ. ഈ കണക്കും അഭയാർത്ഥികളുടെ കണക്കുമെല്ലാം കൂട്ടിക്കുഴച്ച് ആകെ കൺഫ്യൂഷനായ പരേഷ് റാവലിന് അബദ്ധം പിണഞ്ഞതാകാം.

അതേസമയം, പരേഷ് റാവൽ ഭൂമിശാസ്ത്രക്ലാസിൽ ശ്രദ്ധിച്ചിരുന്നില്ലെന്ന പരിഹാസവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. ”ബിജെപി നേതാക്കളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന് കാര്യമായെന്തോ തകരാറുണ്ട്. അമിത് ഷാ ചരിത്ര ക്ലാസിൽ ശ്രദ്ധിച്ചിരുന്നില്ല, പരേഷ് റാവൽ ഭൂമിശാസ്ത്ര ക്‌ളാസിലും” തരൂർ ട്വീറ്റ് ചെയ്തു.

Exit mobile version