ഒരു തവണ ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി, മോഡിയുടെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് അപ്പോള്‍ തെളിയും; മോഡിക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒരു തവണ ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മോഡിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് കോണ്‍ഗ്രസ്. മുസ്ലിങ്ങള്‍ക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയ്ക്കിടെയാണ് എന്‍ആര്‍സിയുടെ ഭാഗമായി മുസ്ലിങ്ങളെ പാര്‍പ്പിക്കുന്നതിന് തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ‘തടങ്കല്‍പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. തടങ്കല്‍പാളയങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും’, എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് പങ്കുവെച്ചത്. ആസാമിലെ തടങ്കല്‍ പാളയങ്ങളില്‍ 28 വിദേശീയര്‍ മരിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ നല്‍കിയ മറുപടിയെക്കുറിച്ചുള്ള പത്രവാര്‍ത്തയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version