ഇന്ത്യയുടെ തത്വം നാനാത്വത്തിൽ ഏകത്വം; കേന്ദ്രം പാവപ്പെട്ടവരെ സഹായിച്ചത് മതം നോക്കിയിട്ടല്ല; മതം ചോദിക്കാത്ത ബിജെപിയെ കുറിച്ച് നടത്തുന്നത് കള്ളപ്രചാരണം: മോഡി

ന്യൂഡൽഹി: ഇന്ത്യയുടെ അതിവിശിഷ്ടമായ തത്വമാണ് നാനാത്വത്തിൽ ഏകത്വമെന്നു പ്രധാമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഈ തത്വത്തിൽ ഊന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തിയെന്നും മോഡി പറഞ്ഞു. രാം ലീല മൈതാനിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശദീകരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഡി. കേന്ദ്രസർക്കാർ ആരുടേയും മതം ചോദിച്ചിട്ടല്ല സഹായങ്ങൾ നൽകിയതെന്ന് പ്രധാനമന്ത്രി മോഡി തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളോടായി പറഞ്ഞു. കേന്ദ്രസർക്കാർ അനേകം പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളെ സേവിച്ചെന്നും ഡൽഹി തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടുകൊണ്ട് മോഡി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് മോഡി റാലിയെ അഭിസംബോധന ചെയ്തത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് സർക്കാർ പാവപ്പെട്ടവർക്കു നിർമിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്- മോഡി ചോദിക്കുന്നു

രാജ്യത്തെ എട്ടു കോടിയിലേറെ ജനങ്ങൾക്ക് പാചക വാതക കണക്ഷനുകൾ നൽകിയപ്പോൾ ആരോടും ഞങ്ങൾ മതം ചോദിച്ചില്ല. കോൺഗ്രസിനോടും അവർക്കൊപ്പമുള്ള മറ്റു പാർട്ടികളോടും എനിക്കൊന്നു മാത്രമാണു ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങളോട് നിങ്ങൾ നുണ പറയുന്നത്. എന്തുകൊണ്ടാണ് അവരെ പ്രകോപിപ്പിക്കുന്നത്? ഒരാളോടു പോലും മതം ചോദിക്കാതിരുന്നിട്ടും എന്തിനാണു ബിജെപിയെ എല്ലാവരും ചോദ്യം ചെയ്യുന്നതെന്നും മോഡി ചോദിച്ചു.

100 വർഷത്തെ പഴക്കം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്. ഇപ്പോൾ സമരത്തിനു പിന്തുണ നൽകുന്നവരെ രാജ്യം തിരസ്‌കരിച്ചതാണ്. അവരിപ്പോൾ വിഭജിച്ചു ഭരിക്കുകയെന്ന പഴയ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരുതരത്തിലും മതം നോക്കിയായിരിക്കില്ല നടപ്പാക്കുക. ഇന്ത്യയിലെ ഒരു പൗരനും അത്തരത്തിലൊരു പ്രശ്‌നമുണ്ടാകില്ലെന്നും മോഡി പറഞ്ഞു.

Exit mobile version