പ്രക്ഷോഭവുമായി ഒരു ബന്ധവുമില്ലാത്ത ജലീലിന്റേയും നൗഷീനിന്റേയും ജീവനെടുത്തത് ചോദ്യം ചെയ്യാതിരിക്കാൻ മംഗളൂരു പോലീസിന്റെ തന്ത്രം; എഫ്‌ഐആറിൽ ഇരുവരും പ്രതികൾ; വിമർശനം

മംഗളൂരു: പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രക്ഷോഭത്തിനിടയിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മംഗളൂരു പോലീസ് കുറ്റക്കാരാണെന്ന് വിമർശനം ഉയർന്നതോടെ മുഖം രക്ഷിക്കാൻ കള്ളം പറഞ്ഞ് പോലീസ്. പ്രക്ഷോഭവുമായി ഒരു ബന്ധവുമില്ലാത്ത രണ്ടുപേരുടേയും മരണത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോൾ സംഭവിച്ചതെന്നാണ് എഫ്‌ഐആറിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജലീൽ (49), നൗഷീൻ (23) എന്നിവർ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നു പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡിസംബർ 19നാണ് മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെ രണ്ടു പേർ പൊലീസ് വെടിയേറ്റു മരിച്ചത്. ബന്ദറിലെ ബിബി അലവി റോഡിലെ പ്രതിഷേധമാണ് വെടിവയ്പിലേക്കും രണ്ടുപേരുടെ മരണത്തിലേക്കും നയിച്ചത്. വൈകുന്നേരത്തോടെ സംഭവിച്ച മരണവിവരം ആദ്യം പുറത്തുവിടാതിരുന്ന പോലീസ് അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. നഗരത്തിൽ പോലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒമ്പതു മണിയോടെയാണ് രണ്ടുപേരുടെയും മരണവിവരം പുറത്തുവിട്ടത്.

അതേസമയം, മക്കളെ സ്‌കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരാൻ പോയ ജലീലിനെ മൂന്നാം പ്രതിയാക്കിയും നൗഷീനെ എട്ടാം പ്രതിയാക്കിയുമാണു പോലീസ് എഫ്‌ഐആർ എഴുതിയിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. 77ൽ അധികം ആളുകൾ ആ സമയം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇരുവരും പ്രക്ഷോഭവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നാണു പുറത്തുവന്ന റിപ്പോർട്ടുകളേറെയും. പോലീസ് മുൻകൂട്ടി തീരുമാനിച്ചു നടത്തിയ വെടിവയ്പാണെന്നും ആരോപണമുയർന്നു. ജലീലിന് പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലെന്നും കുട്ടികളെ സ്‌കൂളിൽ നിന്നു വിളിച്ചുകൊണ്ടുവരുന്ന വഴിക്കാണ് വെടിയേറ്റതെന്നുമാണ് ജലീലിന്റെ സൂഹൃത്ത് ദേശീയ മാധ്യമത്തോടു പറഞ്ഞത്. പ്രതിഷേധത്തിൽ തന്റെ മകനു യാതൊരു പങ്കുമില്ലെന്നു നൗഷീന്റെ അമ്മയും പറഞ്ഞു. ബന്ദർ മത്സ്യബന്ധന തുറമുഖത്തെ തൊഴിലാളിയാണ് ജലീൽ. ഭാര്യ ഫൈസ ഫാത്തിമ, പത്തും പന്ത്രണ്ടും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ എന്നിവർക്കൊപ്പമാണു ജലീൽ താമസിച്ചിരുന്നത്. നൗഷീൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണു കഴിഞ്ഞിരുന്നത്.

അതേസമയം, പോലീസിന്റെ കണ്കകുകൂട്ടലുകൾ തെറ്റിച്ച് ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ടു പ്രക്ഷോഭം കനക്കുകയാണ് ഉണ്ടായത്. കേരളത്തിലേക്കും പ്രതിഷേധം വ്യാപിച്ചിരുന്നു. ഇതിനിടെ, കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ മരണപ്പെട്ടവരുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. ഇരുവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version