ഉത്തര്‍ പ്രദേശില്‍ പ്രതിഷേധം ശക്തം; സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സമരത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യപ്രവര്‍ത്തകയായ സദഫ് ജാഫറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്ത് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം സദഫ് ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഹസ്രത്ഗഞ്ജിലുണ്ടായ ആക്രമണങ്ങളില്‍ 34 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സദഫ് ജഫര്‍, റിഹായ് മഞ്ജ് പ്രസിഡന്റായ അഭിഭാഷകന്‍ മൊഹമ്മദ് ഷൊയിബ്, സാമൂഹ്യപ്രവര്‍ത്തകനായ ദീപക് കബീര്‍ എന്നിവരും ഉള്‍പ്പെടും.

പരിവര്‍ത്തന്‍ ചൗക്കില്‍ നിന്നാണ് മറ്റ് പ്രതിഷേധകര്‍ക്കൊപ്പം സദഫിനെയും അറസ്റ്റ് ചെയ്തതെന്ന് ഹസ്രത്ഗഞ്ജ് പോലീസ് ഓഫീസര്‍ ഡിപി കുശ്വാഹ പറഞ്ഞു. ഡിസെബര്‍ 19ന് നടന്ന പ്രതിഷേധത്തില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സദഫ് സര്‍ക്കാരിനെതിരെ ഒരു മുദ്രാവാക്യം പോലും വിളിച്ചിട്ടില്ലെന്നും ഭരണഘടനയില്‍ വിശ്വാസമുള്ളവളാണെന്നും സഹോദരി നഹീദ് വെര്‍മ്മ പറഞ്ഞു.

പ്രതിഷേധകര്‍ക്കെതിരെ ഒരുപറ്റം ആളുകള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ പോലീസ് ഉദാസീനരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് വീഡിയോകള്‍ സദഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version