‘ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് നമുക്കറിയാം’: സഫയുടെ ചിത്രം ഉപയോഗിച്ച് എന്‍ഡിഎ എംഎല്‍എയുടെ വ്യാജപ്രചാരണം; പ്രതിഷേധം

കൊച്ചി: പൗരത്വ ഭേദഗതിയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെയും മലയാളി വിദ്യാര്‍ഥിനി സഫ ഫെബിനെയും ചേര്‍ത്ത് എന്‍ഡിഎ എംഎല്‍എയുടെ വ്യാജ പ്രചാരണം. മലപ്പുറത്ത് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി രാജ്യാന്തര ശ്രദ്ധ നേടി താരമായ വിദ്യാര്‍ഥിനിയാണ് സഫ. കരുവാരക്കുണ്ട് ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

ഡല്‍ഹി എംഎല്‍എ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് സഫയുടെ ചിത്രം ഉപയോഗിച്ച് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിദ്വേഷപ്രചാരണം നടത്തിയത്. മലപ്പുറത്തെ സ്‌കൂളിലെ ചടങ്ങിനിടെ സഫ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഡല്‍ഹിയില്‍ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവുമാണ് ട്വീറ്റിലുള്ളത്. സഫയും പ്രക്ഷോഭത്തിലെ പെണ്‍കുട്ടിയും ഒന്നാണെന്ന തരത്തിലാണ് ട്വീറ്റ്.

”ഇപ്പോള്‍ നമുക്കറിയാം ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന്”- മഞ്ജീന്ദര്‍ കുറിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേര്‍ ട്വിറ്ററില്‍ മഞ്ജീന്ദറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പലരും ട്വീറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാദമായതോടെ മഞ്ജീന്ദര്‍ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.

എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്ളിന്റെ എംഎല്‍എയാണ് മഞ്ജീന്ദര്‍. 2017ലെ ഉപതിരഞ്ഞെടുപ്പിലാണ് അകാലിദള്‍ നേതാവായ മഞ്ജീന്ദര്‍ ജയിച്ചത്.

Exit mobile version