രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയമായ സഫ ഫെബിന് ഫുള്‍ എ പ്ലസ്

മലപ്പുറം: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ ഫെബിന് എല്ലാ വിഷയത്തിലും എ പ്ലസ്. സയന്‍സ് വിദ്യാര്‍ത്ഥിയായ സഫ 98.5 ശതമാനം മാര്‍ക്കോടെയാണ് (1183 മാര്‍ക്ക്) ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

കരുവാരകുണ്ട് കുട്ടത്തി കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ സദസില്‍ നിന്ന് ആളെ തേടിയപ്പോഴാണ് ധൈര്യപൂര്‍വം സഫ സദസിലേയ്ക്ക് കയറി ചെന്നത്.

യാതൊരു മുന്നൊരുക്കവുമില്ലാതെ രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗവും ആശയവും അര്‍ത്ഥവും ചോരാതെ സഫ പരിഭാഷപ്പെടുത്തി കൈയടി നേടുകയായിരുന്നു. 15 മിനിറ്റ് നീണ്ടതായിരുന്നു പ്രസംഗം. ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും സഫ താരമാവുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഉദാഹരണമായി പോലും സഫയെ വിശേഷിപ്പിച്ചു. ഇപ്പോള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി പഠനത്തിലും താന്‍ ഏറെ മുന്നിലാണെന്ന് തെളിയിക്കുകയാണ് സഫ.

Exit mobile version