പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദി ഡേറ്റിലൂടെ പ്രതിഷേധിച്ച് വധൂവരന്മാര്‍; ചെരുപ്പ് നിരത്തി വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം കനക്കുകയാണ്. പ്രകടനങ്ങളും മാര്‍ച്ചും റാലികളുമൊക്കെയായി ഒരുപറ്റമാളുകള്‍ നേരിട്ടിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ വ്യത്യസ്തമായ പുത്തന്‍ പ്രതിഷേധമുറകളാണ് സ്വീകരിക്കുന്നത്. വധൂവരന്മാര്‍ സേവ് ദി ഡേറ്റിലൂടെയും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ ചാര്‍ട്ടുകള്‍ തയ്യാറാക്കിയും പ്രതിഷേധത്തിന് ശക്തി പകരുന്നു. പുത്തന്‍ പ്രതിഷേധമുറകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്.

‘നോ സിഎഎ, നോ എന്‍ആര്‍സി’ എന്ന പ്ലക്കാര്‍ഡും പിടിച്ചാണ് വധൂവരന്മാര്‍ സേവ് ദ ഡേറ്റിന്റെ ഫോട്ടോഷൂട്ട് നടത്തിയത്. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വധൂവരന്മാരുടെ ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജിഎല്‍ അരുണ്‍ഗോപിയും ആശാ ശേഖറുമാണ് ‘നോ സിഎഎ, നോ എന്‍ആര്‍സി’ എന്നിങ്ങനെ എഴുതിയ പ്ലക്കാഡുകളുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

മുദ്രാവാക്യങ്ങളെഴുതിയ ചാര്‍ട്ട് പേപ്പറിനു സമീപം ചെരുപ്പുകള്‍ വെച്ചായിരുന്നു ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ബംഗളൂരു ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളാണ് ചെരുപ്പുകളും മുദ്രാവാക്യങ്ങള്‍ എഴുതിയ ചാര്‍ട്ടുകളും പേപ്പറുകളും ക്യാമ്പസ് ഗേറ്റിനു പുറത്തുവെച്ച് പ്രതിഷേധിച്ചത്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രതിഷേധത്തില്‍ പങ്കാളികളായി.

Exit mobile version