പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വരം കടുപ്പിച്ച് രാജ്യം; ഡല്‍ഹി ജമാ മസ്ജിദിലും വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് ഒന്നങ്കം എതിര്‍പ്പ് ഉയരുന്നതിനിടെ ഡല്‍ഹി ജമാ മസ്ജിദിലും വന്‍ പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധം തുടങ്ങിയത്.ജമാ മസ്ജിദില്‍ നിന്നും ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി ആരംഭിച്ചു. ദേശീയ പതാകയുമേന്തിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

ജമാമസ്ജിദില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. അതേസമയം പോലീസുകാരുടെ അനുമതിയില്ലാതെയാണ് റാലി നടത്തിയത്. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് റാലി.

അനുമതിയില്ലാതെ റാലി നടത്തിയതിനാല്‍ പോലീസ് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അക്രമസാധ്യത കണക്കിലെടുത്ത് സമീപത്തെ മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. രാജ്യത്ത് അങ്ങോളമിങ്ങോളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെയും തലസ്ഥാന നഗരി സ്തംഭിച്ച അവസ്ഥയിലായിരുന്നു. ഇന്നും തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുകയാണ്.

Exit mobile version