ദുരന്തമായിരുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് ഞങ്ങൾ; തകർന്നടിഞ്ഞതിനെ എൻഡിഎ ഭദ്രമാക്കി; അവകാശവാദവുമായി മോഡി

ന്യൂഡൽഹി: രാജ്യത്തിന്റെ തകർന്നടിഞ്ഞ ദുരന്തപൂർണ്ണമായിരുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആവകാശവാദം. ആറ് വർഷം മുൻപ് ദുരന്തമുഖത്തായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ബിജെപി സർക്കാർ സാമ്പത്തിക രംഗം ഭദ്രമാക്കി എന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സിന്റെ നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

‘അഞ്ചാറ് വർഷം മുൻപ് തകർന്നടിഞ്ഞ നിലയിലായിരുന്നു ഇന്ത്യയുടെ സാമ്പത്തിക രംഗം. അത്തരത്തിലുള്ള സമ്പദ് വ്യവസ്ഥയെയാണ് ബിജെപി സർക്കാർ സുരക്ഷിതമാക്കിയത്. പൂർണ്ണമായി സുസ്ഥിരത കൈവരിച്ചെന്ന് അവകാശപ്പെടുന്നില്ല. ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ട്.’- പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

കർഷകരുടെയും തൊഴിലാളികളുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങൾ ഒരുപോലെ കാണുന്ന സർക്കാരാണ് രാജ്യത്തുള്ളതെന്നായിരുന്നു മോഡിയുടെ മറ്റൊരു അവകാശവാദം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറഞ്ഞെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 4.5 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ പാദം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക്. വാഹനവിപണി ഉൾപ്പടെയുള്ള വ്യവസായ മേഖല മാന്ദ്യത്തെ അഭിമുഖീകരിക്കുകയും കേന്ദ്ര സർക്കാർ വീണ്ടും ഉത്തേജന പാക്കേജിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതിനിടെ മോഡി നടത്തിയ പരാമർശം വിമർശിക്കപ്പെടുകയാണ്.

Exit mobile version