പ്രക്ഷോഭകരെ ശാന്തരാക്കാൻ രാജ്യസ്‌നേഹമല്ലാതെ മറ്റെന്ത്? പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ഡിസിപി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഓരോ ദിവസവും കനക്കുന്നതിനിടെ പോലീസിന്റെ അതിക്രമങ്ങളും ചർച്ചയാവുകയാണ്. സുരക്ഷയൊരുക്കേണ്ട പോലീസ് ആക്രമണത്തിന് മുതിർന്നതോടെ മൂന്ന് ജീവനുകളാണ് ഇന്നലെ മാത്രം രാജ്യത്ത് പൊലിഞ്ഞത്. അതേസമയം, പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്തോറും പ്രതിഷേധം കനക്കുകയുമാണ്. കർണാടകയിൽ നിരോധനാജ്ഞ ലംഘിച്ചും നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

ബംദളൂരുവിലും മംഗളൂരുവിലുമാണ് പ്രതിഷേധം ഏറ്റവും ശക്തമായത്. ഇതിനിടം ബംഗളൂരുവിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തണുപ്പിക്കാൻ വേറിട്ടൊരു മാർഗ്ഗം സ്വീകരിച്ച് പോലീസും വ്യത്യസ്തരായിരിക്കുകയാണ്. ബംഗളൂരു സെൻട്രൽ ഡിസിപി ചേതൻ സിങ് റാത്തോഡാണ് പ്രതിഷേധക്കാർക്കുമുന്നിൽ ദേശീയഗാനം ആലപിച്ചുകൊണ്ട് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

ബംഗളൂരു ടൗൺഹാളിൽ തടിച്ചുകൂടിയ പ്രക്ഷോഭകരോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഡിസിപി ദേശീയഗാനം ആലപിച്ചത്. ഇതോടെ പ്രക്ഷോഭകർ കൂടെ ചേർന്ന് ദേശീയ ഗാനം ആലപിക്കുകയും പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോവുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കർണാടകയുടെ പല സ്ഥലങ്ങളിലും പ്രതിഷേധം ശക്തമാണ്. ചില സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തി. കർണാടകയുടെ കേരള അതിർത്തിയോട് ചേർന്നുള്ള ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version