പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, നഷ്ടം ഈടാക്കും: കര്‍ശന നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും യോഗി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ യുപിയിലെ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ലഖ്നൗവില്‍ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. ലഖ്നൗവില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘര്‍ഷം പടര്‍ന്നു. വന്‍തോതില്‍ അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല.

Exit mobile version