ഗതാഗത കുരുക്കില്‍ കുടുങ്ങി പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരും; ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. നിയമത്തിന് എതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ ഗതാഗത കുരുക്ക് രൂപപെട്ടിരുന്നു. ഈ ഗതാഗതക്കുരുക്ക് കാരണം ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താനായില്ല. ഇതാണ് വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാരണമായത്.

ഡല്‍ഹിയില്‍ നിന്നുള്ള 16 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്‍ഡിഗോയുടെ 19 സര്‍വീസുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.

പൗരത്വ നിയമത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കാരണം പോലീസ് പലയിടത്തും ഗതാഗതം നിയന്ത്രിച്ചതോടെ ഡല്‍ഹിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ദേശീയപാത എട്ടില്‍ ഉള്‍പ്പെടെ വന്‍ ഗതാഗതക്കുരുക്കാണ് രൂപപെട്ടിരിക്കുന്നത്. പലയിടത്തും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകളോളമാണ് പലരും റോഡില്‍ കുടുങ്ങിയത്.

Exit mobile version