പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കി സമരക്കാർ; ഭക്ഷണം ഉറപ്പാക്കി ഡൽഹി പോലീസും!

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധത്തിനിറങ്ങിയവരെ പട്ടിണിക്കിടാതെ കാത്ത് ഡൽഹി പോലീസ്. പ്രതിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തവർക്ക് പഴമുൾപ്പടെയുള്ള ഭക്ഷ്യപദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണം ഉറപ്പാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. സുരാജ്മാൽ സ്റ്റേഡിയത്തിലാണ് ഡൽഹി പോലീസ് പ്രതിഷേധക്കാർക്ക് പഴങ്ങളും മറ്റും വിതരണം ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് പഴങ്ങൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ ഡൽഹി പോലീസ് അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. അതേസമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞും രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്.

ചെങ്കോട്ടയ്ക്ക് സമീപവും ജന്തർമന്ദറിലുമെല്ലാം വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചിരിക്കുകയാണ്. ഏത് സാഹചര്യവും നേരിടാനായി ദ്രുതകർമ്മ സേന അടക്കമുള്ളവരും സജ്ജമാണ്. പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹിയിലെ ഗതാഗതവും താറുമായി. 14 മെട്രോ സ്‌റ്റേഷനുകൾ അടച്ചതും റോഡുകളിലെല്ലാം മണിക്കൂറുകൾനീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടതും ജനങ്ങളെ വലച്ചു.

Exit mobile version