ഡൽഹിയിൽ വീണ്ടും സംഘർഷം; ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധം; ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമായതോടെ പലയിടങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഡൽഹിയിലെ 14 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. അതേസമയം, ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാർച്ചിനെത്തിയ ജാമിയ മിലിയ വിദ്യാർത്ഥികളേയും ഇടത് പ്രവർത്തകരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

ഒപ്പം, ഡൽഹിയിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാർത്ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.

സ്വരാജ് ഇന്ത്യ ദേശീയ അധ്യക്ഷൻ യോഗേന്ദ്ര യാദവും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടർന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പോലീസ് നടപടി.

Exit mobile version