നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച ഉത്തരവ് പിന്‍വലിച്ച് കോടതി; ഇന്ന് തന്നെ പരിഗണിക്കും

ന്യൂഡല്‍ഹി; നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 24 ലേക്ക് ഡല്‍ഹി ഹൈക്കോടതി മാറ്റിയിരുന്നു. ഈ ഉത്തരവാണ് ഡല്‍ഹി ഹൈക്കോടതി പിന്‍വലിച്ചത്.

ഇതോടെ കൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് തന്നെ കേള്‍ക്കും. കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രായം തെളിയിക്കുന്നതിന് തന്റെ ബോണ്‍ ടെസ്റ്റ് നടത്തണമെന്നും ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതെസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

Exit mobile version