മുസ്ലിങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഒരു രാജ്യം പോലുമില്ല; അവരെങ്ങോട്ട് പോകും? വർഗ്ഗീയത കലർത്തിയ പ്രതികരണവുമായി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെ എതിർത്ത് രാജ്യത്തെ തെരുവുകൾ പ്രക്ഷുബ്ധമാകുമ്പോൾ വർഗ്ഗീയത തുളുമ്പുന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഇത്തരത്തിലൊരു നിയമം എന്തുകൊണ്ടും ആവശ്യമാണെന്നും ഹിന്ദുക്കൾക്ക് പോകാൻ ഈ ലോകത്ത് ഒരിടവും ഇല്ലെന്നുമായിരുന്നു ഗഡ്ഗരിയുടെ പ്രതികരണം. മുസ്ലിങ്ങൾക്കായി നിരവധി രാജ്യങ്ങൾ ഉണ്ട്. എന്നാൽ ഹിന്ദുക്കൾക്കോ, ഒരൊറ്റ രാജ്യം പോലുമില്ല. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നും നിതിൻ ഗഡ്കരി പറഞ്ഞു.

നേരത്തെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, എന്നാൽ ഇപ്പോഴല്ല, അതുകൊണ്ട് തന്നെ ഹിന്ദുക്കൾ, സിഖുകാർ തുടങ്ങിയവർ എവിടെ പോകും? മുസ്ലിങ്ങൾക്കാണെങ്കിൽ പൗരത്വം നൽകുന്ന ഒരുപാട് രാജ്യങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ബിജെപി രാജ്യത്തെ ഒരു മുസ്ലിം പൗരനും എതിരല്ല. ചില രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുകയാണ്. വിവേചനരാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സർക്കാർ എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണെന്നും ഗഡ്ഗരി പറഞ്ഞു.

2014 ഡിസംബർ 31 ന് മുമ്പ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ് ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ഈ നിയമം. അതേസമയം, ഈ നിയമപ്രകാരം മുസ്ലിങ്ങൾക്ക് പൗരത്വത്തിനായി അപേക്ഷിക്കാനാകില്ല.

Exit mobile version