ജാമിയ മിലിയയിൽ വെടിവെയ്പ് നടത്തിയിട്ടില്ല; വിദ്യാർത്ഥികളെ മർദ്ദിച്ച ചുവപ്പ് വസ്ത്രധാരി പോലീസുകാരൻ തന്നെയെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടന്ന ജാമിയ മിലിയ സർവകലാശാലയിൽ വെടിവെയ്പ് നടത്തിയിട്ടില്ലെന്ന് പോലീസ്. വെടിവെയ്പ് നടന്നെന്ന ആരോപണങ്ങളെ ഡൽഹി പോലീസ് തള്ളി കളഞ്ഞു. റബ്ബർ ബുള്ളറ്റിൻപോലും പ്രയോഗിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഡൽഹി പോലീസ് വിശദീകരിക്കുന്നു. ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥിനികളെ മർദ്ദിക്കുന്ന ചിത്രത്തിലെ ചുവപ്പ് ബാറ്റൺ ഉപയോഗിക്കുന്നത് പോലീസുകാരനല്ലെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് ്പാലീസുകാരനാണെന്നും ഡൽഹി പോലീസിലെ ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെ അംഗമാണെന്നുമാണ് വിശദീകരണം. സ്‌ക്വാഡിലെ അംഗമായ അരവിന്ദാണ് ചിത്രങ്ങളിൽ കാണുന്നത്. അന്നേദിവസം ക്രമസമാധാന പാലനത്തിന് റിസർവ് പോലീസിനെയും വിളിച്ചുവരുത്തിയിരുന്നു. ഈ സ്‌ക്വാഡിലെ പോലീസുകാർ സാധാരണയായി യൂണിഫോം ധരിക്കാറില്ലെന്നും ഡൽഹി പോലീസ് വിശദീകരിക്കുന്നു.

അതേസമയം യൂണിഫോമോ ബാഡ്‌ജോ ധരിക്കാത്ത ഒരു പോലീസുകാരനെ ഇത്തരമൊരു രംഗത്ത് കൈകാര്യം ചെയ്യാൻ നിയോഗിച്ചത് നിയമപരമാണോ എന്ന് പ്രതികരിക്കാൻ പോലീസ് തയാറായില്ല.

ഡിസംബർ 15ന് ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സംഘർഷങ്ങളെ തുടർന്ന് മൂന്നുപേർക്ക് വെടിയുണ്ടയേറ്റ് പരിക്കേറ്റിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. വെടിയുണ്ടയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നുപേരിൽ ഒരാളെ ഡിസ്ചാർജ് ചെയ്തു. മറ്റു രണ്ടുപേരും ചികിത്സയിലാണ്. മുറിവ് വെടിയുണ്ട കൊണ്ടിട്ടാണോ എന്നതടക്കമുള്ള പരിശോധന നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

സംഘർഷ സ്ഥലത്ത് കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചത്. റബ്ബർ ബുള്ളറ്റുകൾ പോലും ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഡൽഹി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ സംഘർഷ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ തിരകൾ കണ്ടെത്തിയിരുന്നു. പ്രതിഷേധക്കാരിൽ ആരെങ്കിലും വെടിവെച്ചോ എന്ന പരിശോധന പുരോഗമിക്കുകയാണെന്ന് പോലീസിലെ ഉന്നതർ അറിയിച്ചു.

Exit mobile version