മതത്തിന് അതിരുകളില്ല: രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സാർവദേശീയ തലത്തിൽ മതത്തിന് അതിരുകളില്ലെന്നും അതിനെ അങ്ങനെ തന്നെ നോക്കി കാണണമെന്നും പരാമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യയായ് 2017-ൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

മിസോറം, നാഗാലൻഡ്, മേഘാലയ, അരുണാചൽപ്രദേശ്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീർ, ലക്ഷദ്വീപ് എന്നിവടങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 26 വർഷം മുമ്പ് മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനത്തെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ വിഭജിച്ചിരിക്കുന്നതെന്നും മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നത് സംസ്ഥാനടിസ്ഥാനത്തിലല്ല, ദേശീയ അടിസ്ഥാനത്തിലാണെന്നും കോടതി മറുപടി നൽകി.

മുസ്ലിങ്ങൾ കാശ്മീരിൽ ഭൂരിപക്ഷവും രാജ്യത്തിന്റെ മറ്റെവിടെയെങ്കിലും ന്യൂനപക്ഷവുമാണെങ്കിൽ എന്താണ് പ്രശ്നമെന്നും ലക്ഷദ്വീപിൽ മുസ്ലിങ്ങൾ ഹിന്ദു നിയമമാണ് പിന്തുടരുന്നതെന്നും വാദത്തിനിടെ ബെഞ്ച് പറഞ്ഞു. ന്യൂനപക്ഷ നിർണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Exit mobile version