ബലാത്സംഗ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല; ഉന്നാവിൽ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നിൽ സ്വയം തീകൊളുത്തി യുവതി

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും പോലീസിന് നാണക്കേടായി യുവതിയുടെ ആരോപണവും ആത്മഹത്യാ ശ്രമവും. ബലാത്സംഗക്കേസിൽ നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുമുന്നിൽ ഇരുപത്തിമൂന്നുകാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ കാൺപുരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹവാഗ്ദാനം നൽകി നാട്ടുകാരനായ യുവാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണു ബന്ധുക്കൾ പറയുന്നത്.

അതേസമയം, പരാതിക്കാരിയും പ്രതിയും 10 വർഷത്തോളം പ്രണയത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വിവാഹം കഴിക്കാനാവശ്യപ്പെട്ടപ്പോൾ ഇയാൾ നിരസിക്കുകയായിരുന്നു. പെൺകുട്ടി കേസ് കൊടുത്തെങ്കിലും പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീർ പറഞ്ഞു.

Exit mobile version