നിര്‍ഭയക്കേസ്; പ്രതിയായ അക്ഷയ് കുമാര്‍ സിങിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി; നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീകോടതിയില്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.

വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങള്‍. നേരത്തെ കേസിലെ മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവര്‍ വധശിക്ഷയ്‌ക്കെതിരെ പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് കുമാര്‍ സിങ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

അതെസമയം നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പ്രതികള്‍ എല്ലാം തിഹാര്‍ ജയിലിലാണ് ഉള്ളത്. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്റെ മരാമത്ത് പണികളും ഇതിനിടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിര്‍ഭയക്കേസിന് ഇന്നലെ ഏഴ് വര്‍ഷമായി. 2012 ലാണ് പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൃതപ്രായയാക്കി റോഡില്‍ തള്ളിയ യുവതി ചികിത്സയില്‍ ഇരിക്കേ ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങി.

Exit mobile version