ആന്‍ഡമാന്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്ത് കൊന്നത് ക്രിസ്തുമത പ്രചാരകന്‍ ജോണ്‍ അലനെ; പുറംലോകത്തെ മനുഷ്യരെ അടുപ്പിക്കാത്ത ഗോത്രവര്‍ഗ്ഗത്തെ അമേരിക്കന്‍ മിഷണറി പ്രവര്‍ത്തകന്‍ കാണാന്‍ ശ്രമിച്ചത് അഞ്ചുതവണ

ചൗവിനെ നിയമവിരുദ്ധമായി ദ്വീപിലേക്ക് എത്തിച്ച അഞ്ച് മത്സ്യതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്‍ഡമാന്‍: ആന്‍ഡമാനിലെ ‘സെന്റിനല്‍’ ഗോത്രവര്‍ഗ്ഗത്തിന്റെ അമ്പ് കൊണ്ട് മകൊല്ലപ്പെട്ട സന്ദര്‍ശകന്‍ അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗ ആണെന്ന് സ്ഥിരീകരിച്ചു. സെന്റിനല്‍ ഗോത്രത്തെ സന്ദര്‍ശിച്ച് ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച അലന്‍ ചൗ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

പുറം ലോകവുമായി ഒരു സമ്പര്‍ക്കം പുലര്‍ത്താത്ത ഈ സംരക്ഷിത ഗോത്ര വിഭാഗം അമ്പും വില്ലും ഉപയോഗിച്ച് ഇയാളെ കൊല ചെയ്യുകയായിരുന്നു. 27 വയസ്സുകാരനായ ചൗ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. പുറത്ത് നിന്നെത്തുന്നവരെ അപായപ്പെടുത്തുന്ന ഇവര്‍ ആരേയും അടുപ്പിക്കാത്ത ജനവിഭാഗമാണ്. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ച് അധികം വിവരങ്ങളും ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

നവംബര്‍ 16നാണു ചൗ വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ എത്തിച്ചേരുന്നത്. ഏറെ നാളുകളായി സെന്റിനലുകളുമായി ആശയവിനിമയം നടത്താന്‍ ചൗ ശ്രമം നടത്തിയിരുന്നു. ഏതാണ്ട് 5 തവണയോളം ഇവരെ കാണുക എന്ന ഉദ്ദേശത്തോടെ ചൗ ആന്‍ഡമാനില്‍ നിന്നും സെന്റിനല്‍ ദ്വീപിലേക്ക് യാത്ര ചെയ്തിരുന്നു. ഇവരിലേക്ക് ക്രിസ്ത്യന്‍ മതത്തെ എത്തിക്കുക എന്നതായിരുന്നു ചൗവിന്റെ ലക്ഷ്യം. ചൗവിനെ നിയമവിരുദ്ധമായി ദ്വീപിലേക്ക് എത്തിച്ച അഞ്ച് മത്സ്യതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ കനോവിലാണ് ചൗ ദ്വീപിലേക്ക് ചെന്നതെന്നും, വഴിക്കു വെച്ചു ഇയാളെ കണ്ട സെന്റിനല്‍സ് അമ്പെയ്ത് ചൗവിനെ കൊല്ലുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണി’ന്റെ മിഷണറിയാണ് കൊല്ലപ്പെട്ട ചൗ.

ചൗവിനെ അമ്പെയ്ത് വീഴ്ത്തിയ ശേഷം സെന്റിനല്‍സ് ഇയാളെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട്‌പോകുന്നത് കണ്ടതായും അറസ്റ്റിലായ മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ചൗവിനായി ദ്വീപ് അധികാരികള്‍ ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തും. എന്നാല്‍ അങ്ങേയറ്റം അക്രമകാരികളായ ഗോത്രവര്‍ഗ്ഗക്കാരുടെ കൈയില്‍ നിന്നും ചൗവിന്റെ മൃതശരീരം കണ്ടെടുക്കുക എന്നത് ഏറെ വിഷമം പിടിച്ച ദൗത്യമാണ് .

വിനോദസഞ്ാരികള്‍ക്ക് വിലക്കുള്ള ഈ ദ്വീപിലേക്ക് കൈക്കൂലിയും മറ്റും കൊടുത്ത് പലരും കടന്നുകയറാന്‍ ശ്രമിക്കുന്നതും ഇക്കൂട്ടരെ കാണാതാകുന്നതുമായ സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്.

Exit mobile version