പോലീസ് ആക്രമിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രിയങ്കാ ഗാന്ധിയും; ഇന്ത്യാഗേറ്റിന് മുന്നിൽ കുത്തിയിരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ പോലീസിന്റെ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യാ ഗേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം നടത്തിയ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പമാണ് പ്രിയങ്ക ഗാന്ധിയും ചേർന്നത്. ഇന്ത്യാ ഗേറ്റിനു സമീപമാണ് വിദ്യാർത്ഥികൾക്കൊപ്പം പ്രിയങ്ക ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും പ്രതിഷേധ ധർണയിൽ പങ്കെടുത്തത്.

‘രാജ്യത്തിന്റെ അന്തരീക്ഷം വളരെ മോശമാണ്. വിദ്യാർഥികളെ മർദ്ദിക്കുന്നതിന് പോലീസ് സർവകലാശാല കാമ്പസിനുള്ളിൽ പ്രവേശിക്കുന്നു. സർക്കാർ ഭരണഘടനയെ തകർക്കാൻ ശ്രമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി നമുക്ക് പോരാടിയേ പറ്റൂ’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതൽ രണ്ടു മണിക്കൂറാണ് പ്രതിഷേധ ധർണ നടന്നത്. കോൺഗ്രസ് നേതാക്കളായ എകെ ആന്റണി, കെസി വേണുഗോപാൽ, പിഎൽ പുനിയ, അഹമ്മദ് പട്ടേൽ, രൺദീപ് സിങ് സുർജേവാല എന്നിവരടക്കമുള്ള നേതാക്കളും പ്രിയങ്കയ്ക്കൊപ്പം ധർണയിൽ പങ്കെടുത്തു.

Exit mobile version