ഐപിഎസ് ലഭിച്ചതോടെ കൂടുതൽ ‘യോഗ്യയായ’ ഭാര്യയെ വേണമെന്ന് തോന്നൽ: ആദ്യഭാര്യയെ ഉപേക്ഷിച്ച യുവാവിന് സസ്‌പെൻഷൻ; അറസ്റ്റിനും സാധ്യത

ഹൈദരാബാദ്: ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച യുവതിയെ ഐപിഎസ് നേടിയതോടെ അന്തസിനു യോജിക്കുന്നില്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച യുവാവിനെ സർവീസിൽ നിന്നും പുറത്താക്കി. ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശി കെ വി മഹേശ്വർ റെഡ്ഡിയെ (28) കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സസ്പെന്റ് ചെയ്തതായി അറിയിച്ചത്. ഭാര്യയെ ഉപദ്രവിച്ചതിനും അകാരണമായി വിവാഹമോചനത്തിന് ശ്രമിച്ചതിനുമാണ് ഉന്നതതല നടപടി.

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 126ാം റാങ്ക് ജേതാവാണ് മഹേശ്വർ റെഡ്ഡി. 2018 ഫെബ്രുവരി ഒമ്പതിന് വ്യത്യസ്ത സമുദായത്തിൽ പെട്ട ഭവാനി (28) എന്ന യുവതിയെ റെഡ്ഡി രഹസ്യമായാണ് വിവാഹം ചെയ്തത്. സ്വന്തം മാതാപിതാക്കളെ ഇക്കാര്യം അറിയിക്കാനും തയ്യാറായിരുന്നില്ല. ബിരുദധാരിയായ ഭവാനി സെക്കന്ദരാബാദിൽ റെയിൽവേ ഉദ്യോഗസ്ഥയാണ്. 2009 ൽ കോളജ് പഠനകാലം മുതൽ മഹേശ്വർ റെഡ്ഡി പിന്നോക്ക സമുദായത്തിൽപെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു. സിവിൽ സർവീസിനായി തയ്യാറെടുത്തിരുന്ന ജോലി ഒന്നുമില്ലാത്ത മഹേശ്വറിനെ സാമ്പത്തികമായി സഹായിച്ചിരുന്നതും ഈ ഭവാനിയായിരുന്നു. ഒടുവിൽ ഐപിഎസ് കിട്ടിയതോടെ മഹേശ്വറിന്റെ ഭാവം മാറി. അയാൾ യുവതിയെ ഉപേക്ഷിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ ഇന്നത്തെ നിലയ്ക്കും വിലയ്ക്കും യോജിച്ചതല്ല ഭവാനി യെന്ന് പറഞ്ഞ് മറ്റൊരു വിവാഹം കഴിക്കാൻ മഹേശ്വർ ശ്രമിക്കുകയായിരുന്നു. വീട്ടുകാരെ വിവാഹക്കാര്യം അറിയിക്കണമെന്ന ഭവാനിയുടെ ആവശ്യം നിരസിച്ച ഇയാൾ ഭാര്യയെ മർദ്ദിക്കാനും ഉപേക്ഷിക്കാനും ആരംഭിച്ചു. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ ഭവാനി പോലീസിനെ സമീപിച്ചു.

ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, എസ്‌സി- എസ്ടി വിഭാഗത്തിന് എതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തതോടെയാണ് മഹേശ്വറിന് തിരിച്ചടികൾ ആരംഭിച്ചത്. പരാതിക്കൊപ്പം ഭവാനി വിവാഹ സർട്ടിഫിക്കറ്റും ഫോട്ടോകളും തെളിവായി സമർപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവാഹ ബന്ധം തുടരാൻ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും റെഡ്ഡി വാശിപിടിച്ചു. ഇതോടെയാണ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തതും മഹേശ്വറിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതും. നിലവിൽ മസൂറിയിലെ പോലീസ് ട്രെയിനിങ് ക്യാംപിൽ പരിശീലനത്തിലുള്ള ഇയാളെ ഏതുനിമിഷവും അറസ്റ്റു ചെയ്‌തേക്കാമെന്നും പോലീസ് അറിയിച്ചു.

കേസെടുത്ത വിവരം ആഭ്യന്തര മന്ത്രാലയത്തിലും യുപിഎസ്‌സിയിലും ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിലും പട്ടികജാതി ദേശീയ കമ്മീഷനിലും പോലീസ് അറിയിച്ചിട്ടുണ്ട്. കേസിൽ നിന്ന് കുറ്റവിമുക്തനായാൽ മാത്രമെ റെഡ്ഡിയുടെ സസ്പെൻഷൻ നോട്ടീസ് സർക്കാർ പുനഃപരിശോധിക്കാൻ സാധ്യതയുള്ളൂവെന്നാണ് വിവരം.

Exit mobile version