രാഷ്ട്രീയ നാടകം തുടരുമ്പോൾ എന്റെയും രാജ്യത്തിന്റേയും ആശങ്ക ആ വിദ്യാർത്ഥികളെ കുറിച്ചാണ്; ജാമിയ-അലിഗഢ് സർവകലാശാല വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഇർഫാൻ പത്താൻ

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചും പോലീസ് അതിക്രമത്തിനെതിരെ ആഞ്ഞടിച്ചും ക്രിക്കറ്റർ ഇർഫാൻ പത്താൻ. സർവകാലാശാലകളിൽ അടക്കം സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരേയുള്ള പോലീസ് നടപടിയിൽ പത്താൻ ആശങ്ക അറിയിച്ചു.

ജാമിയ മിലിയയിലേയും അലീഗഢ് സർവകലാശാലയിലേയും വിദ്യാർഥികൾക്കെതിരെ ലാത്തിച്ചാർജുൾപ്പടെ അതിക്രമം നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പത്താന്റെ ട്വീറ്റ്. ‘രാഷ്ട്രീയ നാടകങ്ങൾ തുടർക്കഥയാണ്. എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ ആ വിദ്യാർത്ഥികളെ കുറിച്ചാണ്.’ ജാമിയ മിലിയ, ജാമിയ പ്രൊട്ടസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെ പത്താൻ ട്വീറ്റിൽ പറയുന്നു.

ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ജാമിയ സർവകലാശാലയിൽ നൂറുകണക്കിന് പോലീസുകാർ പ്രവേശിച്ചതായും കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. ക്യാംപസിനുള്ളിൽനിന്ന് 150-ഓളം വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം കനത്തതോടെ വിദ്യാർത്ഥികളെ വിട്ടയച്ചു. സമരവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളെയാണ് പോലീസ് പിടികൂടിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Exit mobile version