‘പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്’ ; മുസ്ലിം വോട്ടിനായുള്ള മത്സരമാണിതെന്ന് കെ സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധത്തിലാണ്. ഇതിനിടെ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധത്തിലാണ്. ഇതിനിടെ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സമരം ചെയ്യണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇരു മുന്നണികളും നടത്തുന്നത്. മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം വോട്ടിനായുള്ള മത്സരമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. പിണറായി വിജയന്റെ നേതൃത്വം അംഗീകരിച്ചതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായി. നാളെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സുരേന്ദ്ര പറയുന്നു.

Exit mobile version