നടപടി എടുക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ; ആദ്യം കലാപം അവസാനിക്കട്ടെ; ജാമിയ മിലിയ കേസ് ഇന്ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികളും പോലീസ് ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. പോലീസിനെതിരെ സ്വയമേ കേസടുക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അറിയിച്ചു. കേസ് നാളെ പരിഗണിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. നടപടിയെടിക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ. ആദ്യം കലാപം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പലയിടത്തും പ്രതിഷേധം കത്തുകയാണ്. ഡൽഹി ജാമിയയിലും അലിഗഡ് സർവകലാശാലയിലും വീണ്ടും പ്രതിഷേധം ആരംഭിച്ചു. ഇതോടെ അലിഗഡ് സർവകലാശാലയിൽ നിന്ന് മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിക്കുമെന്ന് യുപി പോലീസ് മേധാവി അറിയിച്ചു. ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള വിദ്യാർത്ഥികൾ രംഗത്തെത്തി. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ മൗലാന ആസാദ് നാഷനൽ ഉറുദു സർവകലാശാല, ലക്‌നൗ നഡ്വയിലെ കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചു.

ഡൽഹിയിലെ പ്രതിഷേധം രാജ്യമെമ്പാടും അലയടിച്ചതോടെ ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷത്തിനിടെ പോലീസ് അറസ്റ്റു ചെയ്ത നൂറോളം വിദ്യാർത്ഥികളെ വിട്ടയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. നിയമഭേദഗതിയെ കേരളം ഒറ്റക്കെട്ടായി എതിർക്കുന്നുവെന്ന് സംയുക്ത പ്രക്ഷോഭത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

Exit mobile version