ആധാര്‍ കാര്‍ഡില്ല; മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ഭയത്തില്‍ യുവതി തൂങ്ങിമരിച്ചു

ഷിപ്ര സിക്തര്‍ എന്ന യുവതിയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു

കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ ഭയന്ന് മുപ്പത്തിയാറുകാരി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ പര്‍ബാ ബര്‍ദമന്‍ ജില്ലയിലാണ് സംഭവം. 19 വയസ്സുകാരനായ മകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ഭയമാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഷിപ്ര സിക്തര്‍ എന്ന യുവതിയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു. വാന്‍ ഡ്രൈവറാണ് ഷിപ്രയുടെ ഭര്‍ത്താവ്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുളളത്. 19 വയസ്സുകാരനായ മകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. അതിനാല്‍ പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത് മുതല്‍ ഷിപ്ര ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മകന്‍ രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്ന ഷിപ്ര മകന്റെ രേഖകള്‍ ശരിയാക്കാന്‍ നിരവധി തവണ ബിഡിഒ ഓഫീസില്‍ പോയിരുന്നു. എന്നാല്‍ രേഖകളൊന്നും ശരിയായില്ല. തുടര്‍ന്ന് മകന് രാജ്യം വിടേണ്ടി വരുമോ എന്ന ഭയത്തില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴുത്തില്‍ മഫല്‍ ചുറ്റിയാണ് ഷിപ്ര സിക്തര്‍ തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു.

ഉടന്‍ തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് യുവതി കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ യുവതിയുടെ മരണ കാരണം പൗരത്വ ഭേദഗതി നിയമം പേടിച്ചല്ലെന്നും ഭര്‍ത്താവുമായുളള നിരന്തരം വഴക്കിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version