പൗരത്വ നിയമ ഭേദഗതിയില്‍ അടിതെറ്റി ബിജെപി; ഭേദഗതിക്കെതിരെ ഘടകകക്ഷിയും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി ഘടക കക്ഷികളും സുപ്രീംകോടതിയിലേക്ക്. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ബിജെപിയുടെ ഘടകകക്ഷിയായ അസം ഗണപരിഷത്താണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. അസം ഗണപരിഷത്തിന്റെ മുതിര്‍ന്ന നേതാക്കളുമായുളള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് അസം ഗണപരിഷത്ത് സ്വീകരിച്ചത്. ഇത് പാര്‍ട്ടിയില്‍ തന്നെ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ അസം ഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് അസം. പ്രക്ഷോഭത്തെ തുടര്‍ന്ന് അസ്സമില്‍ അഞ്ചുപേരാണ് മരിച്ചത്. നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അസ്സം ജനത തെരുവില്‍ ഇറങ്ങിയ പശ്ചാത്തലത്തിലാണ് ബിജെപിയില്‍ നിന്നും അസം ഗണപരിഷത്ത്
വ്യത്യസ്ത നിലപാട് സ്വീകരിച്ച് രംഗത്തുവന്നത്.

നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് പുറമേ, പ്രധാനമന്ത്രി നരേന്ദ്രമോഡി , ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അസം ഗണപരിഷത്ത് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അസ്സമില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ അസം ഗണപരിഷത്തിന് മൂന്ന് മന്ത്രിമാരുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടിയിലാണ് ഘടകകക്ഷികള്‍ തന്നെ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ബിജെപിക്ക് ഇത് കനത്ത് തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Exit mobile version