ഡല്‍ഹി പിടിക്കാന്‍ ഇറങ്ങിയ മോഡി-ഷാ കൂട്ടുക്കെട്ടിന് തിരിച്ചടി; അഞ്ചില്‍ നാലുപേരുടെ പിന്തുണ കെജരിവാളിന്, ബിജെപിയുടെ നെഞ്ചിടിപ്പേറ്റി മറ്റൊരു സര്‍വെ കൂടി

ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വെയില്‍ ആണ് ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും പിന്തുണയേറുന്നത്.

ന്യൂഡല്‍ഹി: രാജ്യം കാവിയേറ്റത്തില്‍ നിന്ന് ഒരു പടി പിന്നോക്കം മാറുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. ഇപ്പോള്‍ ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു സര്‍വെയാണ് ചര്‍ച്ചയാവുന്നത്. ഡല്‍ഹി പിടിക്കാന്‍ ഇറങ്ങിയ മോഡി-ഷാ കൂട്ടിക്കെട്ടിന് വന്‍ തിരിച്ചടി നല്‍കുന്നതാണ് സര്‍വെ ഫലം. അഞ്ചില്‍ നാലുപേരുടെ പിന്തുണ ലഭിക്കുന്നത് അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിന് തന്നെയാണ്. ഇതാണ് ഇന്ന് ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വെയില്‍ ആണ് ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും പിന്തുണയേറുന്നത്. 2298 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആം ആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം ആളുകളും തൃപ്തരാണ്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനത്തിലും ആളുകള്‍ പൂര്‍ണ്ണ തൃപ്തരാണ്. 66 ശതമാനം ആളുകളുടെയും അഭിപ്രായം ഒന്നു തന്നെയാണ്. വെറും നാലു ശതമാനം ആളുകളാണ് കെജരിവാളിന്റെ പ്രവര്‍ത്തനം മോശമാണെന്ന് പറയുന്നത്.

കെജരിവാളിനെയാണോ മോഡിയെയാണോ താല്‍പര്യമെന്ന ചോദ്യത്തിനും ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്. മോഡിയേക്കാള്‍ കെജരിവാളാണ് നല്ലതെന്നാണ് 42 ശതമാനം ആളുകളുടെയും അഭിപ്രായം. 32 ശതമാനമാണ് മോഡി മികച്ചതെന്ന് അഭിപ്രായപ്പെട്ടത്. ഇതോടെ സര്‍വെ ഫലത്തില്‍ ബിജെപിക്ക് അതൃപ്തിയാണ്. ന്യൂഡല്‍ഹിയും കൈവിടുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിനുള്ളത്.

Exit mobile version