രാജ്യസ്‌നേഹത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മോഡിക്ക് മറുപടിയുമായി ശിവസേന; രാജ്യസഭയിൽ ബഹളം

ന്യൂഡൽഹി: കനത്ത എതിർപ്പിനിടയിലും ലോക്‌സഭയിൽ പാസായ പൗരത്വ ബില്ലിനെ രാജ്യസഭയിൽ തള്ളിക്കളയാൻ ശ്രമങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ. പൗരത്വ ബിൽ അവതരണം ഇന്ന് ഉച്ചയ്ക്കുള്ള സെക്ഷനിൽ നടക്കാനിരിക്കെ രാവിലെ സഭ ചേർന്നതുമുതൽ രാജ്യസഭയിൽ ബഹളം. ഇതേ തുടർന്ന് സഭ 12 മണിവരെ നിർത്തിവെയ്ക്കുകയും ചെയ്തു.

ഇതിനിടെ ബില്ലിനെ എതിർക്കുന്നവരുടേത് പാകിസ്താന്റെ ഭാഷയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ പ്രധാനമന്ത്രിക്ക് മറുപടിയുമായി ശിവസേന രംഗത്തെത്തി. ഇതിനു മറുപടിയുമായി ആദ്യമെത്തിയിരിക്കുന്നത് ശിവസേനയാണ്. രാജ്യസ്‌നേഹത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ശിവസേന മോഡിയുടെ പരാമർശത്തോട് പ്രതികരിച്ചത്. പൗരത്വ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പിൽ ശിവസേന പങ്കെടുക്കില്ലെന്നാണ് സൂചന.

ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ എത്തുമ്പോൾ ചോദ്യോത്തരവേള ഒഴിവാക്കി 12 മണിക്ക് ബിൽ അവതരണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ആറുമണിക്കൂറാണ് ചർച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിൽ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കതെരെയുള്ള ആക്രമണമാണ് ബില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Exit mobile version