പരമ്പരാഗത ഇന്ത്യൻ വസ്ത്രമണിഞ്ഞ് അഭിജിത് ബാനർജി; സാരിയുടുത്ത് ഭാര്യ എസ്തർ; നൊബേൽ പുരസ്‌കാര ചടങ്ങിലും താരമായി ശാസ്ത്രദമ്പതികൾ

ന്യൂഡൽഹി: നോബേൽ പുരസ്‌കാരദാന ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് താരങ്ങളായി ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ഡഫ്ലോയും. ഇരുവരും നോബേൽ പുരസ്‌കാരം ഏറ്റുവാങ്ങി. സ്വീഡനിലെ സ്റ്റോക്ഹോം കൺസേർട്ട് ഹാളിൽ നടന്ന പുരസ്‌കാരദാന ചടങ്ങിലേക്ക് പരമ്പാരഗത ഇന്ത്യൻ വേഷമണിഞ്ഞ് ഇരുവരുമെത്തിയത് ഏറെ ശ്രദ്ധേയമാവുകയായിരുന്നു.

അഭിജിത് ബാനർജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞപ്പോൾ എസ്തർ ഡഫ്ലോ നീല സാരിയിലാണ് എത്തിയത്. ഇവർക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ക്രെമ്മർ അമേരിക്കൻ വേഷത്തിലാണ് എത്തിയത്.

ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്. അമർത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേൽ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനർജി.

കൊൽക്കത്തയാണ് അഭിജിത് ബാനർജിയുടെ ജന്മദേശം. മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർമാരാണ് അഭിജിതും ഡഫ്ലോയും. ഹാർവാഡ് സർവകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മർ.

Exit mobile version