എല്ലാവരും തല്ലി ഓടിച്ചു, അപ്പോഴൊക്കെ വളർച്ച മാത്രമാണ് ഉണ്ടായത്; താൻ നൽകിയ പൈനാപ്പിൾ കഴിച്ച് ഒരുപാട് പേർക്ക് കുഞ്ഞുങ്ങളുണ്ടായി

തൃശ്ശൂർ: വീണ്ടും കണ്ണീരൊഴുക്കി ആളുകളുടെ മനം കവരാൻ ശ്രമിച്ച് വിവാദ ആൾദൈവം നിത്യാനന്ദ. ഇന്ത്യയിൽ നിന്നും മുങ്ങിയ നിത്യാനന്ദ എവിടെയാണ് എന്ന് വ്യക്തമായിട്ടില്ലെങ്കിലും വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയ വീഡിയോ വൈറലാവുകയാണ്. പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നിത്യാനന്ദ കണ്ണീരൊഴുക്കിയാണ് തന്റെ ജീവിതം പറയുന്നത്. ഇതാണ് വീഡിയോയുടെ ഹൈലൈറ്റ്. ജീവിതത്തിൽ തന്നെ ഒട്ടേറെ പേർ തല്ലി ഓടിച്ചതാണെന്നും അങ്ങനെ സംഭവിച്ചപ്പോഴെല്ലാം തനിക്ക് വളർച്ചയാണ് ഉണ്ടായതെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

‘പട്ടിണി കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഭക്തി മാർഗം സ്വീകരിച്ചു. തിരുവണ്ണാമലൈയിലെ ഒരു ക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കും. അവിടെ നിന്ന് ലഭിക്കുന്ന തൈർസാദമായിരുന്നു ഭക്ഷണം. അവിടെ നാമം ജപിച്ചു കൂടിയ എന്നെ ചിലർ പൊതിരെ തല്ലി. ആ നാട്ടിൽ നിന്ന് ഓടിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ പാപമായത് കൊണ്ട് അതിൽ നിന്ന് പിൻമാറി. നാട്ടിൽ നിന്ന് ഓടിയെത്തിയത് ബംഗളൂരുവിൽ. അവിടെ ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ രോഗം ഭേദപ്പെടുത്തി കൊടുത്തു. അവിടെ നിന്നാണ് ജീവിതത്തിന്റെ വഴിത്തിരിവ്.

‘ഒരിക്കൽ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു. ഞാൻ കുറേ പഴങ്ങൾ ആശീർവദിച്ച് നൽകി. അതിൽ പൈനാപ്പിളും ഉണ്ടായിരുന്നു. ആ പൈനാപ്പിൾ കഴിച്ചതോടെ അവർക്ക് ഗർഭം ഉണ്ടായി. ഇതു വലിയ വാർത്തയായി. പത്രവാർത്തയൊക്കെ ആയി ആളുകൾ തേടിവരാൻ തുടങ്ങി. അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായി. അങ്ങനെ മുത്തയ്യാ ചെട്ടിയാരുടെ മാളികയിൽ കൂലിവേല ചെയ്തിരുന്ന പയ്യൻ പ്രശസ്തനായി’.

തന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷി അമ്മ തന്നെയാണ്. അമ്പലത്തിൽ കയറരുത് എന്ന് വിലക്കിയപ്പോൾ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതു കിട്ടി. മീനാക്ഷിയുടെ അനുഗ്രഹത്തിൽ ഒടുവിൽ പാസ്പോർട്ട് പുതുക്കി കിട്ടാതെ വന്നപ്പോൾ കൈലാസം എന്ന രാജ്യം തന്നെ കിട്ടി. ‘- നിത്യാനന്ദ വീഡിയോയിൽ അവകാശപ്പെടുന്നു.

കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് കൈലാസ എന്ന സ്വന്തമായ രാജ്യം സ്ഥാപിച്ച് നിത്യാനന്ദ സോഷ്യൽമീഡിയയിൽ വൈറലായത്. സ്വന്തമായി പാസ്‌പോർട്ടും റിസർവ് ബാങ്കും ഭരണഘടനയും ഒക്കെയുള്ള രാജ്യമാണ് കൈലാസ എന്നാണ് അവകാശ വാദം. എന്നാൽ ഇത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ഇനിയും വ്യക്തമല്ല.

Exit mobile version