സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 21 ദിവസത്തിനകം വധശിക്ഷ; പുതിയ നിയമവുമായി ജഗമോഹന്‍ റെഡ്ഡി

അമരാവതി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.

ബുധനാഴ്ച സംസ്ഥാന നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി വ്യക്തമാക്കി. നിയുക്ത ബില്‍ അനുസരിച്ച് ബലാത്സംഗ, കൊലപാതകക്കേസുകളിലെ പ്രതികളെ കയ്യോടെ പിടികൂടുകയും ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് അടക്കം ശക്തമായ തെളിവുകള്‍ ലഭിക്കുകയും ചെയ്താല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കും.

ഹൈദരാബാദ്, ഉന്നാവോ കേസുകളില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ വിചാരണ നടത്താനും മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ രൂപീകരിക്കാനും പുതിയ ബില്ലില്‍ നിര്‍ദ്ദേശമുണ്ടാകും.

Exit mobile version