ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവെച്ചു

ബംഗളൂരു: ഏറെ നിർണായകമായിരുന്ന കർണാടക നിയമസഭയിലെ 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം ഏറ്റതിനു പിന്നാലെ സിദ്ധരാമയ്യ കോൺഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ചു. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കർണാടക പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും രാജിക്കൊരുങ്ങുന്നതായാണ് വിവരം. രാജിക്കാര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം, സിദ്ധരാമയ്യയുടെ രാജി ദേശീയ നേതൃത്വം സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കർണാടക കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത് സിദ്ധരാമയ്യയായിരുന്നു. തന്റെ അടുപ്പക്കാരെയാണ് സിദ്ധരാമയ്യ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ 2 സീറ്റിലൊഴികെ കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു കോൺഗ്രസ്. ഇതോടെയാണ് രാജി പ്രഖ്യാപനമുണ്ടായത്.

ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ ജനാധിപത്വത്തിന്റെ ചില മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. പാർട്ടിയുടെ ക്ഷേമത്തിനായി പ്രതിപക്ഷ നേതൃസ്ഥാനം ഞാൻ രാജിവെക്കുകയാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്കും പകർപ്പ് കെസി വേണുഗോപാലിനും അയച്ചിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി 12 സീറ്റിൽ മികച്ച വിജയം നേടിയിരുന്നു. സർക്കാരിനെ നിലനിർത്താൻ ആറ് സീറ്റ് ആവശ്യമായിരിക്കെയായിരുന്നു യെദിയൂരപ്പയുടെ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പതിനൊന്ന് സിറ്റിങ് സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ് രണ്ട് സീറ്റിൽ ഒതുങ്ങിയപ്പോൾ ജെഡിഎസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Exit mobile version