ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിന് 14 പൈസയും ഡീസലിന് 21 പൈസ കൂടി

ഈ മാസം ഒന്നു മുതല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ധനവ്. ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വില 21 പൈസ കൂടി. പത്തു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ മാസം ഒന്നു മുതല്‍ പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.08 രൂപയാണ് വില. ഡീസല്‍ വില 69.74ല്‍ എത്തി. ഈ മാസം ആദ്യം 77.02 പൈസയായിരുന്നു കൊച്ചിയിലെ പെട്രോള് വില. ആറാം തീയതി ഏഴു പൈസ കുറഞ്ഞു. എന്നാല്‍ ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

പാചകവാതക വിലയിലും കഴിഞ്ഞ ദിവസം വര്‍ധനവുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 695 രൂപയായി. മുംബൈയില്‍ 665 രൂപയാണ് പാചകവാതക വില. കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്‌സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്.

Exit mobile version