മകൾക്ക് നീതി ലഭിച്ചില്ല; പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവ്

ഉന്നാവ്: കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തത് ഉൾപ്പടെ തന്റെ മകൾക്ക് നീതി ലഭിച്ചില്ലെന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവ്. മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്നും പിതാവ് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

പോലീസ് പ്രതികൾക്കൊപ്പമാണ്. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ദൈവനാമത്തിൽ സത്യംചെയ്യിച്ചു. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മകളുടെ ഘാതകർക്ക് വധശിക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കിൽ വെടിവെച്ചു കൊല്ലണം. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചു. ആംബുലൻസ് രണ്ടുതവണ കേടായി. റായ് ബറേലിയിൽനിന്ന് ലഖ്‌നൗവിലേക്കുള്ള 90 കിലോമീറ്റർ സഞ്ചരിക്കാൻ നാലുമണിക്കൂർ എടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

ബലാത്സംഗക്കേസ് പ്രതികൾ തീകൊളുത്തിയ 23കാരി ഡൽഹിയിലെ സഫ്ദാർജങ് ആശുപത്രിയിൽവെച്ച് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. അക്രമികളിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്.

Exit mobile version