ഡല്‍ഹി തീപിടുത്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അരവിന്ദ് കെജരിവാള്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. കൂടാതെ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അറിയിച്ചു. പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാകും സഹായം ലഭ്യമാക്കുക. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതും നല്‍കുമെന്നും മോഡി അറിയിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ബിജെപി നല്‍കുമെന്ന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും പറഞ്ഞു.

ഡല്‍ഹി അനജ് മണ്ഡിലുള്ള ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. തീപിടുത്തതില്‍ 43 പേര്‍ മരിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണു മരിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version