ഉന്നാവ് യുവതിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും പ്രഖ്യാപിച്ചു

ലഖ്നൗ: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയാക്കി തീക്കൊളുത്തി കൊലപ്പെടുത്തിയ
യുവതിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും സഹായം പ്രഖ്യാപിച്ചു. മറ്റെന്തെല്ലാം സഹായങ്ങള്‍ നല്‍കണം എന്നകാര്യത്തില്‍ പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു.

സംസ്ഥാന മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ ശനിയാഴ്ച യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. പക്ഷേ ഇവര്‍ക്ക് നേരെ വന്‍ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തിയത്.

കുടുംബത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചതായി മന്ത്രിമാര്‍ ബന്ധുക്കളെ അറിയിച്ചു. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കും. അതിവേഗ കോടതി സ്ഥാപിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്.

മന്ത്രിമാര്‍ക്കും എംപിക്കും പ്രദേശത്തെ ജനങ്ങളില്‍ നിന്നും എന്‍എസ്‌യുഐ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ജനക്കൂട്ടത്തിന് നേരെ പോലീസിന് ലാത്തി വീശേണ്ടിവന്നു.

അതിനിടെ, ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

വിഷം ഉള്ളിച്ചെന്നതിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ കഠിന പരിശ്രമം നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ലെന്ന് സഫ്ദര്‍ജങ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വകുപ്പ് മേധാവി ഡോ. ശലഭ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകുന്നേരത്തോടെ നില വഷളാവുകയായിരുന്നു. രാത്രി 11.30 ന് ഹൃദയാഘാതമുണ്ടായി.

Exit mobile version