നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചു. താന്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ ദയാ ഹര്‍ജി പിന്‍വലിച്ചത്.

ദയാ ഹര്‍ജി നല്‍കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും, ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശര്‍മ്മ കത്തില്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ ദയാഹര്‍ജിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും വിനയ് ശര്‍മ്മ കത്തില്‍ പറയുന്നു. ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ദയാഹര്‍ജി തള്ളിക്കളയണമെന്ന ശുപാര്‍ശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജി രാഷ്ട്രപതിഭവന് കൈമാറിയത്. ഹര്‍ജി ആദ്യം ലഭിച്ച ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും ഹര്‍ജി തള്ളിക്കളയുന്നതായി ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

2012 ഡിസംബറിലാണ് രാജ്യത്തെ പിടിച്ചു കുലുക്കിയച്ച കൂട്ടബലാത്സംഗം നടന്നത്. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വിനയ് ശര്‍മ്മയും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂരപീഡനത്തിന് വിധേയയായ പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

കേസില്‍ വിനയ് ശര്‍മ്മ അടക്കം നാലു പ്രതികള്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Exit mobile version