നിലം തൊടാതെ ഉയര്‍ന്ന് സവാള വില; കിലോക്ക് 165 രൂപ വരെ

അതിനിടെ സവാള വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഈജിപ്തില്‍ നിന്നും അടുത്തയാഴ്ച സവാള ഇറക്കുമതി ചെയ്യാനിരിക്കെ പല നഗരങ്ങളിലും സവാള വില വീണ്ടും കുതിച്ചുയര്‍ന്നു. കിലോയ്ക്ക് 165 രൂപ വരെയാണ് പലയിടങ്ങളിലും ഈടാക്കുന്നത്. അതിനിടെ സവാള വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും സവാള വില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായി ഉയര്‍ന്നു. പ്രളയം കാരണം മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയത്. വില പിടിച്ച് നിര്‍ത്താനായി സവാളയുടെ കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

നിലവിലുള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഈജിപ്തില്‍നിന്ന് സവാള അടുത്തയാഴ്ച മുംബൈയില്‍ ഇറക്കുമതി ചെയ്യും. വിവിധ സംസ്ഥാനങ്ങള്‍ സവാള വാങ്ങുന്നതിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡിന് കത്തയച്ചു. 460 ടണ്‍ സവാളയാണ് കേരളം ആവശ്യപ്പെട്ടത്. ഡിസംബര്‍ 10-നും 17-നും മധ്യേ മുംബൈ തുറമുഖത്ത് സവാള എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version