പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണം; നിശ്ചയിച്ച സമയത്തുതന്നെ പ്രതികളെ തൂക്കിലേറ്റണമെന്ന് മായാവതി

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മായവതി രംഗത്ത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മായവതി രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും പെണ്‍കുട്ടി മരിച്ചത് വേദനയുണ്ടാക്കുന്നുവെന്നും മായവതി പറഞ്ഞു.

‘ഉനാവോയില്‍ പീഡിപ്പിക്കപ്പെട്ട യുവതി ഡല്‍ഹിയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം വേദനയുണ്ടാക്കുന്നു. അവരുടെ വേദനയില്‍ ബിഎസ്പി ആ കുടുംബത്തിനൊപ്പം ചേരുന്നു. യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം” – മായാവതി പറഞ്ഞു.

‘യുപി അടക്കം രാജ്യത്തുടനീളം ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാക്കണം. മാത്രമല്ല, നിശ്ചയിച്ച സമയത്തുതന്നെ കുറ്റവാളികളെ സര്‍ക്കാര്‍ തൂക്കിലേറ്റണം. ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണം” – മായാവതി കൂട്ടിച്ചേര്‍ത്തു.

Exit mobile version