ബംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പൊലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.
തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും, ബലമായി ഗർഭം അലസിപ്പിച്ചെന്നും ആരോപിച്ച് 33 കാരിയായ കന്നഡ സീരിയൽ നടിയാണ് മനുവിനെതിരെ പരാതി നൽകിയത്.
മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ്. അതിനിടെയാണ് അറസ്റ്റ്.ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നിവയാണ് സീരിയൽ നടിയുടെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
ഒരു കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായി എന്നും സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നുമാണ് ഇരയുടെ പരാതി.
മനു പിന്നീട് തന്റെ വീട്ടിൽ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.